Leader Page
എഫ്സിആർഎ ഭേദഗതിയുടെ യഥാർഥ ലക്ഷ്യം വെളിപ്പെടുത്തുന്നത് സെക്ഷൻ 16A(6), സെക്ഷൻ 16D എന്നിവ ചേർത്തു വായിക്കുമ്പോഴാണ്. ആസ്തികൾ സ്ഥിരമായി സർക്കാരിലേക്ക് നിക്ഷിപ്തമായിക്കഴിഞ്ഞാൽ, സെക്ഷൻ 16A(6)(a) പ്രകാരം നിയുക്ത അധികാരിക്ക് അവ കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും വകുപ്പുകൾക്കോ ഏജൻസികൾക്കോ കൈമാറാൻ അധികാരമുണ്ട്. അല്ലെങ്കിൽ, സെക്ഷൻ 16A(6)(b) പ്രകാരം പൊതുലേലം വഴി അവ വിൽക്കാനും ആ തുക ‘കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ’ (സഞ്ചിത നിധി)യിലേക്ക് മാറ്റാനും സാധിക്കും. ആ ആസ്തികൾ പടുത്തുയർത്തിയ സ്ഥാപനത്തിനോ അതിന്റെ ഭാരവാഹികൾക്കോ പിന്നീട് അതിൽ യാതൊരു അവകാശവും ഉന്നയിക്കാൻ കഴിയില്ല.
സ്ഥാവര വസ്തുക്കൾ വിൽക്കുമ്പോൾ നിയുക്ത അധികാരി നൽകുന്ന ‘വിൽപന സർട്ടിഫിക്കറ്റ്’ ഒറിജിനൽ ആധാരങ്ങളുടെ അഭാവത്തിലും വാങ്ങുന്നയാളുടെ ഉടമസ്ഥാവകാശത്തിന്റെ അന്തിമമായ തെളിവായി മാറും. സെക്ഷൻ 16D(2) പ്രകാരം, ആധാരങ്ങൾ ഇല്ലെന്ന കാരണത്താൽ രജിസ്ട്രേഷൻ നിരസിക്കാൻ ഒരു ഉദ്യോഗസ്ഥനും കഴിയില്ല. ഒരു സിവിൽ കോടതിയുടെ ഡിക്രിക്കോ ട്രൈബ്യൂണൽ ഉത്തരവിനോ ഈ നിയമപ്രകാരം നിയുക്ത അധികാരി നടത്തുന്ന കൈമാറ്റത്തെ മറികടക്കാൻ കഴിയില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ നിയമക്കുരുക്ക്.
ഇവിടെ ഒരു പരിമിതമായ സംരക്ഷണം മാത്രം നിയമം നൽകുന്നുണ്ട്. സെക്ഷൻ 16A(7) പ്രകാരം, സ്ഥിരമായി കണ്ടുകെട്ടുന്ന ആസ്തി ഒരു ആരാധനാലയമാണെങ്കിൽ അതിന്റെ മതപരമായ സ്വഭാവം നിലനിർത്തുന്ന രീതിയിൽ മാനേജ്മെന്റ് ഒരു വ്യക്തിയെ ഏൽപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. അതായത്, ഒരു ദേവാലയ കെട്ടിടം മതേതര ആവശ്യത്തിനായി മാറ്റാൻ പാടില്ല, പക്ഷേ അതിന്റെ മാനേജ്മെന്റ് അത് നിർമിച്ച വിശ്വാസീസമൂഹത്തിൽനിന്ന് മാറി സർക്കാർ നിശ്ചയിക്കുന്ന വ്യക്തികളിലേക്ക് എത്തും. അക്രൈസ്തവനായ ഒരു വ്യക്തിയിലേക്ക് അഡ്മിനിസ്ട്രേഷന്റെ ഉത്തരവാദിത്വം എത്തിച്ചേർന്നേക്കാമെന്നിരിക്കെ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25ന് വിരുദ്ധമാണ്.
സാമ്പത്തിക സുതാര്യതയായിരുന്നു ഈ ബില്ലിന്റെ ലക്ഷ്യമെങ്കിൽ ഓഡിറ്റും വിവരങ്ങൾ വെളിപ്പെടുത്തലുമായിരുന്നു വേണ്ടിയിരുന്നത്. സഭ നിർമിച്ച ആശുപത്രികളും സ്കൂളുകളും സർക്കാർ ഏജൻസികൾക്കു നൽകാനോ ലേലം ചെയ്യാനോ ഉള്ള അധികാരം സുതാര്യതയ്ക്കല്ല, മറിച്ച് സ്വത്തുക്കൾ ശാശ്വതമായി കൈവശപ്പെടുത്താനാണ് സഹായിക്കുന്നത്. ആ വ്യത്യാസം നാം തിരിച്ചറിയണം.
അന്വേഷണങ്ങൾക്ക് സർക്കാർ അനുമതി-വിചാരണാധികാരത്തിന്റെ കുത്തക
ഈ ബില്ലിലെ ഏറ്റവും ശ്രദ്ധിക്കപ്പെടാതെ പോയ, എന്നാൽ അതീവ ഗൗരവമുള്ള ഒന്നാണ് സെക്ഷൻ 43(2). എഫ്സിആർഎ നിയമപ്രകാരമുള്ള ഏതൊരു കുറ്റത്തിനും അന്വേഷണം ആരംഭിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് ഈ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഈ ഒരൊറ്റ ഉപവകുപ്പിലൂടെ, കുറ്റവിചാരണ ആരംഭിക്കാനുള്ള അധികാരം പൂർണമായും ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ/ ഉദ്യോഗസ്ഥർ കൈപ്പിടിയിലൊതുക്കുകയാണ്.
ഒരു സ്വതന്ത്ര ഏജൻസിക്കോ സംസ്ഥാന പോലീസിനോ ഒരു പരാതിയിന്മേൽ നടപടിയെടുക്കുന്ന മജിസ്ട്രേറ്റിനോ കേന്ദ്രസർക്കാരിന്റെ പച്ചക്കൊടിയില്ലാതെ ഒരന്വേഷണവും തുടങ്ങാൻ കഴിയില്ല. ഇവിടെയുള്ള പ്രധാന വൈരുദ്ധ്യം എന്തെന്നാൽ, ആസ്തികൾ കണ്ടുകെട്ടുന്നതിലൂടെ കേന്ദ്രസർക്കാരിനുതന്നെ ഗുണമുണ്ടാകുന്ന ഒരു സാഹചര്യത്തിൽ, ഏതു രീതിയിൽ അന്വേഷിക്കണം എന്നത് പൂർണമായും ഭരണകൂടത്തിന്റെ താത്പര്യമായി മാറുന്നു എന്നതാണ്. അന്വേഷണാനുമതിക്കുള്ള കവാടം തുറക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനമായി മാറുമ്പോൾ, സ്ഥാപനങ്ങളുടെ നിലനിൽപ് തന്നെ ഭീഷണിയിലാവുന്നു.
അവസാനം വലിയ വില നൽകേണ്ടിവരുന്നത് പാവപ്പെട്ടവർ
ഭരണപരമായ നടപടിക്രമങ്ങളിലെ ചെറിയ പാളിച്ചകൾ മൂലം ഒരു സ്ഥാപനം പൂട്ടപ്പെടുമ്പോൾ സഭ സേവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് എന്തു സംഭവിക്കും എന്നതാണ് ഈ ബില്ലിന്റെ ഏറ്റവും ദയനീയമായ വശം. ഇതിലെ നിയമഭാഷ്യങ്ങൾക്കു പിന്നിൽ പാവപ്പെട്ടവരുടെ നിസഹായത ഒളിഞ്ഞുകിടക്കുന്നുണ്ട്.
രജിസ്ട്രേഷൻ പുതുക്കാനുള്ള സമയത്ത് ഗവൺമെന്റ് പോർട്ടൽ തകരാറിലാകുന്നു; അല്ലെങ്കിൽ സ്കാൻ ചെയ്ത ഒരു രേഖയുടെ വ്യക്തത കുറഞ്ഞതിനാൽ അത് നിരസിക്കപ്പെടുന്നു; വാർഷിക റിട്ടേണിലെ ഒരു ചെറിയ ഫോർമാറ്റിംഗ് പിശക് ചൂണ്ടിക്കാണിക്കപ്പെടുന്നു - നിലവിലുള്ള നിയമപ്രകാരം ഇവ വെറും സ്ഥാപന നേതൃത്വത്തിന്റെ ചെറിയ തലവേദനകൾ മാത്രമായിരുന്നു. എന്നാൽ 2026ലെ ഭേദഗതി പ്രകാരം, കാലാവധി കഴിയുന്നതിന് മുൻപ് ഇവ പരിഹരിക്കപ്പെട്ടില്ലെങ്കിൽ സെക്ഷൻ 14B പ്രകാരം ആ സ്ഥാപനം അസാധുവാകുകയും സകല ആസ്തികളും കണ്ടുകെട്ടപ്പെടുകയും ചെയ്യുന്നു.
ആളുകളെ ശുശ്രൂഷിക്കുന്നത് നിർത്തിയതുകൊണ്ടാവണമെന്നില്ല ഒരു ആശുപത്രി പൂട്ടുന്നത്; മറിച്ച് ഒരു ഓൺലൈൻ പോർട്ടൽ പരാജയപ്പെട്ടതുകൊണ്ടുപോലുമാകാം. കുട്ടികളെ പഠിപ്പിക്കുന്നത് നിർത്തിയതുകൊണ്ടാവണമെന്നില്ല ഒരു സ്കൂൾ പൂട്ടേണ്ടിവരുന്നത്; മറിച്ച്, ഒരു സർക്കാർ ഓഫീസറുടെ മേശപ്പുറത്ത് ഫയൽ മൂന്നാഴ്ച വൈകിയതുകൊണ്ടാവാം. ഈ ബില്ലിലെങ്ങും പാവപ്പെട്ടവരെക്കുറിച്ച് പരാമർശമില്ല. എന്നാൽ, ഇതിന്റെ ആഘാതം പൂർണമായും പരിഹാരമില്ലാതെയും അനുഭവിക്കേണ്ടി വരുന്നത് ഈ രാജ്യത്തെ സാധാരണക്കാരായ പൗരന്മാരായിരിക്കും. ദരിദ്രരെ സേവിക്കുന്ന സ്ഥാപനങ്ങൾ വെറും സാങ്കേതിക പിശകുകളുടെ പേരിൽ പൂട്ടാൻ അനുവദിക്കുന്ന നിയമം സുതാര്യതയ്ക്കല്ല, മറിച്ച് അധികാരത്തിനുവേണ്ടിയുള്ളതാണ്. ഇത് പാവങ്ങൾക്കുവേണ്ടി നിലകൊള്ളാൻ പ്രതിജ്ഞാബദ്ധമായ സഭ തുറന്നു പറയേണ്ടിവരും.
സഭ എന്നും നീന്തിയിട്ടുള്ളത് ഒഴുക്കിനെതിരേ
ഇന്ത്യയിലെ സഭ സുവിശേഷത്തിന്റെ ആഹ്വാനങ്ങൾക്ക് ഉത്തരം നൽകാനായി ഒരിക്കലും രാഷ്ട്രീയ സുരക്ഷിതത്വത്തിനുവേണ്ടി കാത്തുനിന്നിട്ടില്ല. മറ്റാരും മുന്നിട്ടിറങ്ങാനില്ലാത്ത കാലത്ത് സഭ വിദ്യാലയങ്ങളും ആശുപത്രികളും പടുത്തുയർത്തി.
ഭരണകൂടം ഉപേക്ഷിച്ച സമൂഹങ്ങളെ നെഞ്ചോടു ചേർത്തു. ഇതൊന്നും നിയമം അനുവദിച്ചതുകൊണ്ടോ അനുവാദം കാത്തുനിന്നിട്ടോ അല്ല ചെയ്തത്; മറിച്ച്, സഭയുടെ നിയോഗവും സമൂഹത്തിന്റെ ആവശ്യങ്ങളും യഥാർഥമായതിനാൽ മുന്നിട്ടിറങ്ങുകയാണുണ്ടായിട്ടുള്ളത്. സഭയ്ക്കുള്ള ആ വിളി ഇന്നും തുടരുന്നു. എന്നാൽ, ഇന്ന് നിലനിൽക്കുന്ന നിയമസാഹചര്യങ്ങൾ സഭയ്ക്ക് എതിരായി ബോധപൂർവം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു.
ഈ ഘട്ടത്തിൽ സഭയുടെ പ്രതികരണം അതീവ ജാഗ്രതയുള്ളതും സംഘടിതവുമായിരിക്കണം. യാതൊരു പഴുതും അവശേഷിക്കാത്തവിധം കൃത്യമായ പരിഹാരം ഉറപ്പാക്കുന്ന വിധത്തിൽ ഭരണഘടനാപരമായ നിയമ പോരാട്ടങ്ങൾ ഉടനടി ആരംഭിക്കുകയും വേണം.
(അവസാനിച്ചു)
Kerala
കൊല്ലം: പത്തനാപുരം എൻഎസ്എസിനുള്ള 300 കോടിയുടെ ആസ്തി തട്ടിയെടുക്കാനുളള നീക്കമാണ് നടക്കുന്നതെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടതിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് എല്ലാ സമുദായവും ഒരു പോലെയാണ്. മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവര്ത്തകനാണ് താന്.എന്എസ് എസും മറ്റുള്ളവരും ഒരു പോലെയാണ്. ജനാധിപത്യ രീതിയില് വോട്ടിട്ട് തെരഞ്ഞെടുക്കപ്പെട്ടയാളാണ് താൻ. തന്നെ സ്ഥാനത്തു നിന്ന് മാറ്റുമ്പോള് ജനാധിപത്യപരമാണോയെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
താന് ഏകാധിപതിയൊന്നുമല്ല. അത്തരത്തില് താന് ഏകാധിപതിയാണെന്ന് പത്തനാപുരത്തെ ജനങ്ങള് പറയില്ല. ജനാധിപത്യ വ്യവസ്ഥയില് തെരഞ്ഞെടുത്തയാളാണ് താന്. സാധാരണക്കാരനായ പൊതുപ്രവര്ത്തകനാണ്. എല്ലാസമൂഹത്തിനും തന്നെ വിമര്ശിക്കാനും തിരുത്താനും അവകാശമുണ്ട്.
താന് താലൂക്ക് യൂണിയന് ഭാരവാഹിത്വത്തില്നിന്ന് രാജിവെയ് ക്കാന് തയാറാണെന്ന് അറിയിച്ചതാണ്. പത്തനാപുരത്ത് എന്എസ്എസിനെ ആരെങ്കിലും നയിച്ചാല് മതിയല്ലോ. തനിക്ക് ജീവിക്കാന് ഒരു തൊഴിലുണ്ട്. ഒരുപാട് കാര്യങ്ങള് ചെയ്യാനുണ്ടെന്നും താന് ഓടിളക്കി വന്നയാളല്ലെന്നും കെ.ബി. ഗണേഷ്കുമാര് പറഞ്ഞു.
Business
കൊച്ചി: യുടിഐ ലാര്ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള് 12,839 കോടി രൂപ കടന്നു. ഫണ്ടിന്റെ തുടക്കത്തില് നിക്ഷേപിച്ച 10 ലക്ഷം രൂപ 26.27 കോടി രൂപയായി വളര്ന്നതായും ജനുവരി 31ലെ കണക്കുകള് വ്യക്തമാക്കി.
പദ്ധതിയുടെ മൊത്തം നിക്ഷേപത്തിന്റെ 48 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്ഫോസിസ്, റിലയന്സ് ഇന്ഡസ്ട്രീസ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്ടെല്, ലാര്സന് ആന്ഡ് ടൂബ്രോ, ബജാജ് ഫിനാന്സ്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ പത്ത് മുന്നിര കമ്പനികളിലാണ്.
ഇതുവരെ ഏകദേശം 4,500 കോടി രൂപയാണ് യുടിഐ ലാര്ജ് ക്യാപ് ഫണ്ട് ലാഭവിഹിതമായി വിതരണം ചെയ്തിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
Kerala
കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പു കേസില് നടന് ജയസൂര്യയുടെ സ്വത്തുക്കള് മരവിപ്പിച്ച് ഇഡി. 39 ലക്ഷത്തിന്റെ സ്വത്തുകളാണ് ഇഡി മരവിപ്പിച്ചത്. ആപ്പിന്റെ ബ്രാന്ഡ് അംബാസിഡര് ആയിരുന്ന ജയസൂര്യയെ രണ്ടു തവണ കൊച്ചിയിലെ ഓഫീസില് ഇഡി ചോദ്യം ചെയ്തിരുന്നു.
തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില് ജയസൂര്യയും ഉള്പ്പെട്ടിരുന്നു. ആപ്പുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവന് സാമ്പത്തിക ഇടപാടുകളുടെയും രേഖകള് ഹാജരാക്കാന് ജയസൂര്യയ്ക്കു സമയം അനുവദിച്ചിരുന്നു. നൂറോളം പേരില്നിന്നു കോടികള് തട്ടിയ ആപ്പ് ഉടമയായ തൃശൂര് സ്വദേശി സ്വാതിക് റഹീമിനെ 2023ല് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യ സരിത ജയസൂര്യയുടെയും പേരിലുളള അക്കൗണ്ടുകളിലേക്കു പല ഘട്ടങ്ങളായി ഈ സ്ഥാപനത്തില്നിന്നു വന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതു തട്ടിപ്പുമായി ബന്ധപ്പെട്ട പണമായതിനെത്തുടര്ന്നാണ് സ്വത്ത് മരവിപ്പിച്ചത്.
Kerala
കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസില് തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പില് ക്രെഡിറ്റ് സിന്ഡിക്കറ്റിന്റെ 44.5 കോടി രൂപയുടെ സ്വത്തുക്കള് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു.
കേരളത്തിലും തമിഴ്നാട്ടിലുമായി പത്തിടങ്ങളില് നടത്തിയ പരിശോധനയെ തുടര്ന്നാണു നടപടി. സ്വര്ണക്കൊള്ള കേസില് ജയിലില് കഴിയുന്ന തന്ത്രി കണ്ഠര് രാജീവര്ക്ക് നിക്ഷേപമുണ്ടന്നു സംശയിക്കുന്ന സ്ഥാപനമാണ് നെടുമ്പറമ്പില് ക്രെഡിറ്റ് സിന്ഡിക്കറ്റ്.
ഇന്നലെ നടത്തിയ പരിശോധനയില് ഡിജിറ്റല് തെളിവുകള്, സാമ്പത്തിക ഇടപാടുകളുടെ രേഖകള് എന്നിവ ഇഡി പിടിച്ചെടുത്തു. നിക്ഷേപത്തുക ഉപയോഗിച്ച് സ്ഥാപന ഉടമ എന്.എം. രാജുവും കൂട്ടാളികളും വന്തോതില് ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡി കണ്ടെത്തി. സ്വര്ണപ്പണയ ഇടപാടുകള്ക്കും മറ്റ് ബിസിനസ് ആവശ്യങ്ങള്ക്കുമായും തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്.
പത്തനംതിട്ട, എറണാകുളം ജില്ലകളിലായി പോലീസ് റജിസ്റ്റര് ചെയ്ത കേസുകളുടെ ചുവടുപിടിച്ചാണ് 2024 ജൂലൈ ഒന്നിന് ഇ ഡിയും കേസ് റജിസ്റ്റര് ചെയ്തത്. പിടിച്ചെടുത്ത രേഖകള് വിശദമായി പരിശോധിച്ചുവരികയാണെന്നും തട്ടിപ്പിന്റെ വ്യാപ്തിയും ഗുണഭോക്താക്കളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസില് മുഖ്യപ്രതികളുടെ 1.3 കോടിയുടെ ആസ്തികള് മരവിപ്പിച്ച് ഇഡി. സംസ്ഥാനത്തിനകത്തും പുറത്തുമായി 21 സ്ഥലങ്ങളില് കഴിഞ്ഞദിവസം നടത്തിയ പരിശോധനയ്ക്കുപിന്നാലെയാണ് ഇഡി നടപടി.
കള്ളപ്പണം വെളുപ്പിക്കല് നിരോധന നിയമത്തിലെ (പിഎംഎല്എ) വ്യവസ്ഥകള് പ്രകാരം കേസിലെ പ്രധാന പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് 1.3 കോടി രൂപ മൂല്യംവരുന്ന എട്ട് സ്ഥാവര സ്വത്തുക്കള് മരവിപ്പിച്ചത്.
കേസില് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഇഡി പത്രക്കുറിപ്പില് അറിയിച്ചു. ഇതോടൊപ്പം ചെന്നൈയിലെ സ്മാര്ട്ട് ക്രിയേഷന്സില്നിന്നു 100 ഗ്രാം വരുന്ന സ്വര്ണക്കട്ടിയും സ്വര്ണം ചെമ്പാക്കിയ രേഖയും ഇഡി പിടിച്ചെടുത്തു.
2019നും 2024നും ഇടയില് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു. ദേവസ്വംബോര്ഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി ഉദ്യോഗസ്ഥര്ക്കു ലഭിച്ചിട്ടുണ്ട്. "ഓപ്പറേഷന് ഗോള്ഡന് ഷാഡോ’ എന്നപേരില് കഴിഞ്ഞ 20ന് കേരളത്തിനുപുറമെ തമിഴ്നാട്, കര്ണാടക എന്നിവിടങ്ങളിലെ 21 സ്ഥലങ്ങളിലായിരുന്നു പരിശോധന.
തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ മുതിര്ന്ന ഉദ്യോഗസ്ഥര്, മുന് ക്ഷേത്ര ഭരണാധികാരികള്, സ്വകാര്യ സ്പോണ്സര്മാര്, ജ്വല്ലറികള് എന്നിവരുള്പ്പെട്ട ആസൂത്രിതമായ ക്രിമിനല് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര് ചെയ്ത രണ്ട് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഇഡി റെയ്ഡില് നിര്ണായക കണ്ടെത്തലുകള്. 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇഡി അറിയിച്ചു . കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്.
ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു. സ്വർണ കട്ടികളാണ് കണ്ടെത്തിയത്. സ്വർണം ചെമ്പാക്കിയ രേഖയും റെയ്ഡില് കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു.
ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. 2019 നും 2024 നും ഇടയിൽ പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു.
ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി ഉദ്യോഗസ്ഥര്ക്ക് ലഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലായിരുന്നു ഇന്നലെ ഇഡി വ്യാപക റെയ്ഡ് നടത്തിയത്.